2014 ഫെബ്രുവരി 14, വെള്ളിയാഴ്‌ച

പ്രകൃതിയില്‍ അലിയാം ഇനി. മങ്കയം മനോഹരം സുന്ദരം അവാച്യം.....

ചിലപ്പോള്‍ കോടമഞ്ഞു നമ്മളെ വന്നു പൊതിയും..അല്ലെങ്കില്‍ ചാറ്റല്‍ മഴ നമ്മളില്‍ പുഞ്ചിരി വിതറും. ഇതൊന്നുമില്ലാത്തപ്പോള്‍ ചിത്രശലഭങ്ങള്‍ നമുക്ക്‌ മുന്നില്‍ നൃത്തമാടും. ഭാഗ്യമുണ്ടെങ്കില്‍ വരയാടുകള്‍ തലകുലുക്കി നമുക്കരികിലെത്തും. ഭയപ്പെടുത്താനൊന്നുമല്ലെങ്കിലും ചിലപ്പോള്‍ ആനക്കൂട്ടവും......പക്ഷേ കാട്ടുമൃഗങ്ങളുടെ പാതയില്‍ നമുക്കെന്തുകാര്യമെന്നല്ലേ.. പ്രകൃതിയുടെ വശ്യത കൃത്രിമത്വമൊന്നുമില്ലാതെ ആസ്വദിക്കണമെന്നുണ്ടോ? തിരുവനന്തപുരം ജില്ലയിലെ മങ്കയത്തേക്കു വരൂ..
ടൂറിസ്‌റ്റുകളുടെ അതിപ്രസരമൊന്നുമില്ലാത്ത, ഉപഭോക്തൃസംസ്‌കാരത്തിന്റെ പുതുപ്രവണതകളില്ലാത്ത, എന്തിന്‌ ഒരു കട പോലുമില്ലാത്ത കേരളത്തിലെ ഏക ടൂറിസ്‌റ്റ്‌ കേന്ദ്രം. അതാണ്‌ മങ്കയം. ഇവിടത്തെ ഏറ്റവും ആകര്‍ഷണീയത പൊന്മുടി മലനിരകളിലേക്കുള്ള ട്രക്കിംഗ്‌ പാതയാണ്‌.







മലഞ്ചെരിവുകള്‍ക്കിടയിലൂടെ അക്വേഷ്യ മരങ്ങള്‍ വിരിച്ച തണല്‍വീഥിയിലൂടെ പാലോട്‌ നിന്ന്‌ അര മണിക്കൂര്‍ മാത്രമേയുള്ളൂ ബ്രൈമൂര്‍ എന്ന പ്രകൃതിയുടെ വരദാനത്തിലേക്കു പോകാന്‍. ഇവിടെ കാണാന്‍ നിരവധിയാണ്‌. വരയാടുകളെ ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ കാണാം. തിരുവനന്തപുരം നഗരത്തില്‍ നിന്നു 45 കിലോമീറ്റര്‍ മതി ബ്രൈമൂറിലെത്താന്‍. പാലോട്‌, വിതുര ഏതുവഴി വേണമെങ്കിലും ബ്രൈമൂറിലെത്താം. കൊല്ലത്തു നിന്നു വരുന്നവര്‍ക്കു മടത്തറ വഴിയും പ്രവേശിക്കാം.
ഇരുവശങ്ങളിലും തണല്‍ വിരിക്കുന്ന അക്വേഷ്യ മരങ്ങളോ കൊടും വനമോ യാത്രയില്‍ ഉടനീളം ഉണ്ടാകും. ഇടിഞ്ഞാറെത്തിയാല്‍ ഒരു ചെക്‌ പോസ്‌റ്റുണ്ട്‌. വനം സംരക്ഷണ സമിതി സ്ഥാപിച്ചതാണ്‌ ചെക്‌ പോസ്‌റ്റ്‌. ഇവിടെ ഓരോരുത്തര്‍ക്കും 20 രൂപ വീതം ഫീസ്‌ അടയ്‌ക്കണം.പിന്നെ വാഹനത്തിനും.
ചെക്‌ പോസ്‌റ്റ്‌ കഴിഞ്ഞാല്‍ ബ്രൈമൂര്‍ മലനിരകളില്‍ നിന്നുല്‍ഭവിക്കുന്ന ഒരു അരുവിയിലെത്തും. ഇതിനു സമീപത്തായി കുട്ടികളുടെ പാര്‍ക്‌ ഉണ്ട്‌. പിന്നെ അതിമനോഹരമായ ഒരു വെള്ളച്ചാട്ടവും. കാളക്കയമെന്നാണ്‌ വെള്ളച്ചാട്ടത്തിന്റെ പേര്‌. വനത്തിലെ എല്ലാ ഔഷധവേരുകളിലൂടെയും തട്ടിയൊഴുകിവരുന്ന അരുവിയില്‍ കുളിച്ചാല്‍ യാത്രാക്ഷീണം പമ്പ കടക്കും. വെള്ളത്തിന്‌ നല്ല തണുപ്പാണ്‌. ഇവിടെ കാളക്കയം എന്ന ചതിക്കുഴിയുണ്ട്‌. കാളക്കയത്തിന്‌ മനുഷ്യനെ വലിയ ഇഷ്ടമാണ്‌. ചിലരെ കയത്തിന്റെ അടിത്തട്ടിലേക്ക്‌ ആവാഹിച്ചു കൊണ്ടുപോയി ഒളിപ്പിക്കുന്നതിനാല്‍ കാളക്കയത്തില്‍ കുളിക്കുന്നതിനു വി.എസ്‌.എസ്‌ നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്‌. നിരവധി പേര്‍ ഇവിടെ മരിച്ചതിനാലാണ്‌ വനം സംരക്ഷണ സമിതിയുടെ വിലക്ക്‌.
എന്നാല്‍ അരുവിയില്‍ കുളിക്കുന്നതിന്‌ വിലക്കില്ല. ഇനി നമുക്ക്‌ വീണ്ടും യാത്ര തുടരാം. ഇവിടെ മുതല്‍ മലകയറ്റമാണ്‌. ഇരുവശങ്ങളിലും കൊടും വനം. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പക്ഷികളുടെ ചിറകടിയും അപൂര്‍വയിനം ചിത്രശലഭങ്ങളേയും നമുക്കിവിടെ കണ്ടുമുട്ടാം. കുളി കഴിഞ്ഞ്‌ കാനനഭംഗി ആസ്വദിച്ച്‌ പോകുമ്പോള്‍ പുരാതനമായ ഒരു ക്ഷേത്രവും ഒരു കുരിശടിയും കാണാം. ഇതിനു സമീപം രണ്ടു ചെറിയ വെള്ളച്ചാട്ടമുണ്ട്‌.
ഹെയര്‍പിന്‍ വളവുകളില്‍ അപകടം പതിയിരിക്കുന്നതിനാല്‍ സൂക്ഷിച്ചുപോവുക. വാഹനങ്ങള്‍ വളരെ കുറവാണ്‌ ഇവിടെ ഹെയര്‍പിന്‍ വളവുകളില്‍ നിന്നു താഴോട്ടു നോക്കിയാല്‍ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം. പച്ചപ്പുതച്ച പ്രകൃതിയില്‍ അപ്പൂപ്പന്‍ താടി പോലെ കോടമഞ്ഞ്‌ പ്രത്യക്ഷപ്പെടും. ചിലപ്പോള്‍ അതു നമ്മെ തട്ടിയുഴിഞ്ഞു പോകും.
ഇനി നമ്മള്‍ കാണുന്നത്‌ സ്വകാര്യ വ്യക്തികളുടെ കൈയിലിരിക്കുന്ന എസ്‌റ്റേറ്റുകളാണ്‌. ഈ എസ്‌റ്റേറ്റുകളില്‍ ഒരുകാലത്ത്‌ തേയില മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്‌ അവയെല്ലാം വരുമാനം കൂടുതല്‍ ലഭിക്കുന്ന റബറിലേക്കു മാറി. രണ്ടു കിലോമീറ്റര്‍ ഇതിനിടയിലൂടെ സഞ്ചരിച്ചാല്‍ ബ്രൈമൂര്‍ എസ്‌റ്റേറ്റാണ്‌. ഇവിടെ അനുവാദം ചോദിച്ച്‌ അകത്ത്‌ പ്രവേശിക്കാം. എസ്റ്റേറ്റിനകത്ത്‌ പ്രവേശിച്ചാല്‍ 130 കൊല്ലം പഴക്കമുള്ള ടീ ഫാക്‌റ്ററി കെട്ടിടം കാണാം. ഇവിടെ ഇപ്പോള്‍ തേയില കുറവായതിനാല്‍ യന്ത്രങ്ങളെല്ലാം അഴിച്ചുകൊണ്ടുപോയിരിക്കുന്നു. ഈ കെട്ടിടങ്ങളില്‍ ബ്രൈമൂര്‍ എസ്‌റ്റേറ്റ്‌ ഒരുക്കുന്ന താമസ സൗകര്യമുണ്ട്‌. 6000, 4000, 3000 എന്നീ നിരക്കുകളിലാണ്‌ ദിവസ വാടക.
എസ്‌റ്റേറ്റിനകത്ത്‌ കൂടി രണ്ടര കിലോമീറ്റര്‍ പോയാല്‍ അതിമനോഹരമായ മറ്റൊരു വെള്ളച്ചാട്ടത്തിലെത്താം. ഇവിടെ കുളിക്കുമ്പോള്‍ പ്രത്യേക അനുഭൂതി ലഭിക്കുന്നു. ഇവിടെ തേയിലക്കാടുകളുണ്ട്‌. പൊന്മുടി മലനിരകളുണ്ട്‌. ബ്രൈമൂറില്‍ താമസിക്കാന്‍ പോകുന്നവര്‍ നേരത്തെ ബുക്ക്‌ ചെയ്‌തിട്ടു പോകണം. ആഹാരം വേണമെങ്കില്‍ അതും ബുക്ക്‌ ചെയ്യണം. സ്വയം പാചകം ചെയ്‌ത്‌ കഴിക്കാനുള്ള സൗകര്യവുമുണ്ട്‌.
എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ മലനിരകളില്‍ താമസമുണ്ട്‌. ഇവിടെ നിന്നു രണ്ടര മണിക്കൂര്‍ നടന്നാല്‍ സമുദ്രനിരപ്പില്‍ നിന്നു 1035 അടി ഉയരത്തിലുള്ള പൊന്മുടി മലനിരയിലെത്താം. അഞ്ചു കിലോമീറ്റര്‍ നടന്നാല്‍ മതി. പക്ഷേ ചെങ്കുത്തായ മലനിരകളും ഇടതിങ്ങിയ വനങ്ങള്‍ക്കും ഇടയിലൂടെയായതിനാല്‍ രണ്ടര മണിക്കൂര്‍ എടുക്കും. ഓരോ ചുവടികള്‍ക്കുമൊപ്പം പക്ഷികളുടെ കാതടിപ്പിക്കുന്ന ഒച്ചയോ... ക്രൂരമായ നിശബ്ദതയോ നമുക്കൊപ്പമുണ്ടാകും. മരംകോച്ചുന്ന തണുപ്പും.
വരയാടുകളും ആനകളും യാത്രയില്‍ മുന്നില്‍ പ്രത്യക്ഷപ്പടാം. അതുകൊണ്ടു വനപാലകരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക. ആനയുള്ളതിനാല്‍ ഒറ്റയ്‌ക്കു വരുന്നവരെ ബ്രൈമൂര്‍ വരെ പോകാനേ അനുവാദമുള്ളൂ. പത്തുപേരുടെ സംഘത്തിന്‌ 500 രൂപയാണ്‌ ട്രക്കിംഗ്‌ ചാര്‍ജ്‌. അര ദിവസമാണ്‌ സമയം. ട്രക്കിംഗിനു പോകാന്‍ ഉദ്ദേശിക്കുന്നവര്‍ പാലോട്‌ റെയ്‌ഞ്ച്‌ ഓഫീസറുമായി ബന്ധപ്പെടുക. 0472 2842122

നഗരത്തിന്റെ തിക്കിലും തിരക്കിലും പെട്ടു ജീവിക്കുന്നവരെ പ്രകൃതി വിളിക്കുന്നു...

റംബുട്ടാന്‍ ബുക്‌സ്‌ പ്രസിദ്ധീകരിച്ച മലനിരകളില്‍ വസന്തം വിളിക്കുന്നു എന്ന പുസ്‌തകത്തില്‍ നിന്ന്‌്‌
റംബുട്ടാന്‍ ബുക്‌സ്‌
23/441 ഏപ്പാറ റോഡ്‌
മലപ്പുറം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ